കുര്യാക്കോസ് മാപ്പിളയെ ഞാൻ കാണുന്നത്.മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ്.ക്ലീൻ ഷേവ് ചെയ്ത് എപ്പോഴും ചുണ്ടത്ത് ദിനേശ് ബീഡി പുകച്ച് നടക്കുന്ന മെലിഞ്ഞു ഉണങ്ങിയ പൊക്കമുള്ള ഒരു മനുഷ്യൻ.ലോകത്തുള്ള ഏതു വിഷയത്തെക്കുറിച്ച് സംസാരിച്ചാലും അതിലെന്തേലും ഒരഭിപ്രായം.തന്റെതായി പങ്കുവയ്ക്കാനുണ്ടാകും കുര്യാക്കോസുചേട്ടന്.അക്ഷരാർത്ഥത്തിൽ കുര്യാക്കോസ് ചേട്ടൻ ഒരു നാടോടിയാണ്.ചാലക്കുടീന്ന് ചെറുപ്പത്തിലെങ്ങാണ്ട് നാട് വിട്ട് പോന്നതാണ്.പിന്നീട് ഒരോ നാട്ടിൽ ഒരോ ജോലി ചെയ്ത് ആ നാടിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയ മനുഷ്യൻ.കുര്യാക്കോസ് ചേട്ടൻ ഞങ്ങൾ പിള്ളേർക്ക് ഒരുപ്പാട് കഥകൾ പറഞ്ഞു തരുന്ന ഒരു അമ്മാവൻ കൂടിയായിരുന്നു ആ കാലഘട്ടത്തിൽ.കുര്യക്കോസ് ചേട്ടൻ നാട്ടിൽ ഏതു ജോലിയും ചെയ്യും. പറമ്പു കളയ്ക്കാനും തെങ്ങു കയറാനും നിലം ഉഴാനും ഒക്കെ കുര്യാക്കോസ് ചേട്ടൻ മുന്നിൽ ഉണ്ട്.നാട്ടിൽ നൂറ്റമ്പത് രൂപ പണികൂലി വന്നപ്പോഴും നാല്പതും അൻപതുമൊക്കെയാണ് കുര്യാക്കോസ് ചേട്ടന്റെ കൂലി.രാവിലെ ആറുമണിക്ക് ജോലിക്കിറങ്ങി എല്ല് മുറിയെ പണിയെടുത്ത് വയറുനിറയെ കഴിച്ച് രാത്രി ഗ്രാമത്തിലെ ഏതേലും പീടിക വരാന്തയിൽ കിടന്നുറങ്ങുന്ന മനുഷ്യൻ.കുര്യാക്കോസ് ചേട്ടൻ പള്ളിയിൽ പോകത്തില്ല.ഞാൻ തെറ്റ് ചെയ്തിട്ടില്ല പിന്നെ എന്തിനു പള്ളിയിൽ പോകണം. എനിക്ക് ദൈവത്തോട് ഒന്നും പ്രത്യേകിച്ച് പറയാനില്ല.കർത്താവിനറിയാം എന്നെ.കുര്യാക്കോസ് ചേട്ടൻ തന്റെ ജീവിതത്തിലൂടെ എപ്പോഴും കാട്ടികൊടുത്തത് അതാണ്.