കള്ളുകുടിക്കുക ,പലഹാരം കഴിക്കുക പഞ്ചാരയടിക്കുക ഇവ തമ്മിൽ എന്താ ബന്ധം. ഇവ തമ്മിൽ ബന്ധമുള്ള വ്യക്തിത്ത്വമാണ് പിള്ളേച്ചന്റെത്.നാട്ടിലെ അറിയപ്പെടുന്ന ഷാപ്പുകളിൽ ഏല്ലാം പുള്ളേച്ചൻ പോയിട്ടുണ്ട്.കള്ളുകുടിയെന്നു പറഞ്ഞാൽ സത്യത്തിൽ ഭയമാണ്.ഗുളിക കലക്കിയ സാധനമല്ലെ.മൂത്തവൻ ഇളവൻ,മുന്തിരി കള്ള് ഇതൊക്കെയാണ് സാധാരണ പറയാറുള്ളതെങ്കിലും ആനമയക്കി (ഗുളിക കലക്കുന്നതിൽ ഒരു മയവും ഉണ്ടാവില്ല) ഗർഭിണി ( വലതു കൈയ്യ് വയറുമേല് അമർത്തി പിടിച്ച് മുന്നോട്ട് തള്ളി ഒരു ഗർഭിണി നടത്തം),നാണം കുണുങ്ങി (ഇടതുകൈയ്യുടെ ചൂണ്ടു വിരൽ കടിച്ചു പിടിച്ച് വലതുകാലിന്റെ പെരുവിരലുകൊണ്ട് വട്ടം വരച്ച് തല ചെരിച്ച് നടത്തം), പുല്ലുപറിയൻ ( ഒരു പ്രത്യേക സ്ഥലത്തിരുന്ന് വട്ടം കറങ്ങി പുല്ലു പറിയ്ക്കുന്ന പ്രക്രിയ) ഷക്കീല (വസ്ത്രങ്ങൾ നാമമാത്രമെ ഉണ്ടാകു) തുടങ്ങിയ സാധനങ്ങൾ തരാതരം ഉള്ളതുകൊണ്ട് സത്യം പറഞ്ഞാൽ ഒരു ഗ്ലാസ്സ് കള്ള് കുടിച്ച് (കപ്പാസിറ്റി കുറവാ) ഷാപ്പിലെ കൊഞ്ചു കറിയും ഞണ്ട് കറിയും കരിമീൻ പൊരിച്ചതും കപ്പ പോട്ടി താറാവ് കറി കാട തുടങ്ങിയാദികളിൽ ഏതേലും പോക്കറ്റിലെ കാശിന്റെ തൂക്കം നോക്കി അകത്താക്കിയും നടക്കാറാണ് പതിവ്, നെടുമുടി,രാമങ്കരി,കാവാലം ചമ്പകുളം കരുവാറ്റ,പള്ളിപ്പുറം നീരേറ്റുപുറം,തകഴി, കുട്ടനാടൻ ഷാപ്പുകൾ പലതുമുണ്ട്.കുമരകം കല്ലറ,മാന്നാനം കുട്ടാമ്പുറം, ചങ്ങാനാശ്ശേരി, വൈയ്ക്കം,തവളകുഴി പൂത്തോട്ട,തുടങ്ങിയാദികളും പ്രധാനം. ഇതൊക്കെയാണെങ്കിലും നല്ല കൂട്ടുകാർ കൂടുമ്പോൾ ഇങ്ങനെ വല്ലോ വഴിയ്ക്കും പോയാലായി.
പലഹാരം.
പഴമ്പൊരിയ്ക്ക് ഏതെല്ലാം നാട്ടിലെതെല്ലാം പേരാ കർത്താവേ. ഈ വാഴപ്പഴം മാവിൽ മുക്കിയിട്ട് തിളച്ചുകൊണ്ടിരിക്കുന്ന എണ്ണയിലോട്ട് ഇടുമ്പോൾ ശൂവെന്ന് ഒരു ചീറ്റലും പൊട്ടലും ഉണ്ടായി മൊരിഞ്ഞ് വരുന്നതല്ലെ പഴം പൊരി.അതിനെന്നാ ഒരോ നാട്ടുകാര് പറയണേ ഏത്തയ്ക്കാപ്പം, ബോളി, പഴബോളി, വാഴയ്ക്കാപ്പം, വാഴയ്ക്കാ റോസ്റ്റ്, ഇങ്ങനെ നീണ്ട് പോകുന്നു.
ഉണ്ടമ്പൊരി-ഉണ്ടമ്പൊരിയെന്നു കേട്ടാൽ ഒരു ഗുണ്ട് ആണെന്നാണ് തോന്നുക. മലപ്പുറത്ത് ചിലയിടത്ത് ഇതിനു പറയണേ ഉണ്ടകായെന്നാണെത്രേ. കോട്ടയം സൈഡിൽ ബോണ്ടയാണ്.ബോണ്ടയെന്നുപറഞ്ഞാൽ ഈ കിഴങ്ങ് ഉള്ളിൽ വച്ച സാധനമാണെന്നെ.
വടതന്നെയെത്രയെണ്ണമാ ഉഴുന്നു വട,ഉള്ളിവട സവാളവട,മുളകുവട,പരിപ്പ് വട,പഴവട,പക്കാവട,തുളവട വടപുരാണം ഇങ്ങനെ നീളുന്നു.
ഇടിയപ്പം എന്നു പറഞ്ഞാൽ സ്റ്റിം ന്യൂഡിൽ സ് ആണെന്നേ. ദേ കൊല്ലത്തോട്ട് ചെന്നാല് ചിലര് പറയും വീശപ്പമെന്ന് കോഴിക്കോടാണേല് നൂൽ പുട്ടാത്രേ ഇതൊക്കെ അറിയാണ്ട് പോരട്ടേ എന്ന് പറഞ്ഞാൽ ഞാൻ പണ്ട് കോട്ടയ്ക്കലു പോയപ്പോൾ കിണ്ണത്തപ്പം കഴിച്ച് പണ്ടാരമടങ്ങിയപോലെയാകും.
No comments:
Post a Comment