Tuesday 5 January 2010

കുഞ്ഞൂപൈലി അഥവാ മഹാനായ പൈലി

ഗ്രാമത്തിൽ സുഖിച്ചു കഴിയാൻ കൊതിച്ച മഹാനായിരുന്നു കുഞ്ഞു പൈലി.ചെറുപ്പത്തിലെ കൂട്ടായി കിട്ടിയ ബുദ്ധി മാന്ദ്യം അയ്യാൾക്ക് ഒരു കുറവായി തോന്നിയില്ല.നല്ല ഭക്ഷണം,നല്ല കള്ള്,നല്ല പെണ്ണ് ഇതൊക്കെ എവിടെയുണ്ടോ ആ പരിസരത്ത് നല്ല മണം പിടിക്കാൻ കഴിവുള്ള നായ പോലെ കുഞ്ഞൂപൈലി വെളുക്കനെ ചിരിച്ച് നില്ക്കും.ഗ്രാമത്തിലെ ഒരേയൊരു പെൺപള്ളികുടത്തിനു മുന്നിൽ,ഇറച്ചിവെട്ട് പീടികയ്ക്കു മുന്നിൽ,ഷാപ്പിനു മുന്നിൽ കവലയിൽ എന്നുവേണ്ട പ്രധാന സങ്കേതങ്ങളിലെല്ലാം കുഞ്ഞൂപൈലിയെ കാണാം.മുഷിഞ്ഞൂനാറിയ ഷർട്ടും മുണ്ടുമാണ് കുഞ്ഞൂപൈലിയുടെ വേഷം.കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണേലും കുഞ്ഞൂപൈലിയെ നാട്ടുകാർക്ക് വല്ല്യകാര്യമാ.അവരൊക്കെ തങ്ങളാൽ കഴിയുന്ന സഹായം കുഞ്ഞൂപൈലിയ്ക്ക് ചെയ്യും.കുട്ടികൾ കുരങ്ങനു കടലകൊടുക്കുന്നതുപോലെ ചെറിയനാണയതുട്ടുകളും മിഠായിയുമൊക്കെ പൈലിയ്ക്കു മുന്നിൽ വലിച്ചെറിയും.ഷാപ്പിൽ പോകുന്ന ചില കാർന്നോന്മാര് കുടിക്കുന്ന കള്ളിൽ ഒരു ഗ്ലാസ്സ് കുഞ്ഞൂപൈലിയ്ക്ക് വേണ്ടി മാറ്റി വയ്ക്കും.കുഞ്ഞൂപൈലിയ്ക്ക് ഭക്ഷണം ഗ്രാമത്തിലെ ഏതേലും വീടുകളിൽ നിന്നാകും.പരിചയമുള്ള ആരേലും ഇറച്ചി വാങ്ങുന്നതു കണ്ടാൽ അന്ന് ആ വീട്ടിൽ ഊണ് കഴിക്കുന്ന സമയത്ത് കുഞ്ഞൂ പൈലിയുണ്ടാകും.
ചെറിയ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് അയ്യാൾ ഭ്രാന്തൻ പൈലിയാണ്.അയ്യാളെ കാണുമ്പോൾ ആയ്യോ ഭ്രാന്തൻ വരുന്നെ എന്ന് പറഞ്ഞ് കുട്ടികൾ ഓടുന്നതു കാണാം.
അങ്ങനെ വായ്നോട്ടവും വിശാലമായ തീറ്റയും കള്ളൂകുടിയുമൊക്കെ ജോറാക്കി സുഖിമാനായി നടക്കുന്നതിനിടയിലാണ് നാട്ടുകാരായ ചില ചെറുപ്പകാർ പൈലിയെ ഒന്ന് കളിയാക്കാൻ തീരുമാനിച്ചത്.
കൂട്ടത്തിൽ സുമുഖനായ ജോണിച്ചൻ വായ് നോക്കി വെള്ളം ഒലിപ്പിച്ച് നടന്നിട്ടും വീഴാത്ത നാട്ടിലെ ബ്യൂട്ടി ആനിയമ്മയ്ക്കിട്ട് താങ്ങാൻ അവൻ കണ്ടെത്തിയ ഒരു വഴിയായിരുന്നു കുഞ്ഞൂപൈലി.അതിനുകാരണമുണ്ട്.ഒരു ഞാറാഴ്ച്ച പള്ളില് വച്ച് ആനിയമ്മയെ കണ്ട് ജോണിക്കുട്ടി കേറി തന്റെ ഇഷ്ടം അങ്ങ് പറഞ്ഞു.
ആനിയമ്മ അതുകേട്ടിട്ട് ജോണികുട്ടിടെ നേരെ കയർത്തൂ.
“നിന്റെ ആട്ടോം എളക്കുമായിട്ട് എന്റെ മുന്നില് ഇനി വന്നാൽ ഞാൻ അപ്പച്ചനോട് പറയും.
ആനിയമ്മേടെ അപ്പച്ചൻ പണ്ടേ ക്രൂരനാ‍യ ഒരു നിക്കറു പോലീസാ.ആയ്യാളേണേല്
ഇപ്പോ ഇടിക്കാൻ ഒന്നും കിട്ടാത്തതുകൊണ്ട് വൈകിട്ട് കുടികഴിഞ്ഞ് വന്ന് കലിപ്പ് മൊത്തം തീർക്കണെ ആകെയുള്ള ഭാര്യ മേരികുട്ടിടെ ദേഹത്താന്നാ നാട്ടുകാരു പറയണേ?

എന്തായാലും ആനിയമ്മ തന്നെ പള്ളില് വച്ച് അപമാനിച്ചതിന് പ്രതികാരം ചെയ്യാൻ കുഞ്ഞൂപൈലിയെ പോലെ ഒരു ഇരയില്ലാന്ന് ജോണിക്കുട്ടിയ്ക്ക് തോന്നി.കൂട്ടുകാർ അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

“എടാ പൈലി നീയിങ്ങനെ തിന്നും കുടിച്ചും നടന്നാൽ മതിയോ? ഒരു പെണ്ണ് കെട്ടണ്ടായോ?.
പെണ്ണെന്ന് കേൾക്കൂമ്പോൾ കുഞ്ഞൂപൈലിയ്ക്ക് ഇക്കിളി കൊള്ളുന്നതുപോലെയാ.അയ്യാൾ തലകുനിച്ചിരുന്ന് ചിരിയ്ക്കും.
“ആ ആനിയമ്മെ നീ കണ്ടിട്ടോ?നല്ല ഒരു ചരക്ക്.അവൾക്ക് നിന്നെ വല്ല്യ ഇഷ്ടാ.
ഇന്നാള് പള്ളീല് വച്ച് അവളു പറയുവാ നിന്നെ കണ്ടാൽ അമിതാഭ് ബച്ചനെപോലുണ്ടെന്ന്.“
“എടാ ഞങ്ങളൊക്കെ നല്ല ഷർട്ടും മുണ്ടൊക്കെ ഉടുത്ത് നടന്നിട്ടും അവൾക്ക് നിന്നെയാ ഇഷ്ടം.ഞങ്ങള് നിനക്ക് നല്ല ഷർട്ടും മുണ്ടും തരാം അതൊക്കെ ഇട്ട് ചെന്ന് നീ പെണ്ണ് ചോദീര്.”
കുഞ്ഞുപൈലി ഒന്നും പറയാതെ നിന്നു.
കൂട്ടത്തിൽ തലമുതിർന്ന് ലൂക്കോച്ചൻ പറഞ്ഞൂ.
“അളിയാ അവളുടെ ചുണ്ട് കണ്ടിട്ടോ ജയമാലിനിടെ പോലുണ്ട്.ങാ ഇവനെ പറഞ്ഞിട്ട് കാര്യമില്ല.”
“വാ നമ്മുക്ക് പോകാം അവരുടെ കൂടെ വന്ന മോനായി പറഞ്ഞു.
“ചാറെ ആ മുണ്ടും ചർട്ടും എനിക്കു തര്വോ?
“നീ പോയാൽ തരാ.”
“ഞാൻ പോവ്വാന്നേ?.”
അവർ മുണ്ടും ഷർട്ടും കുഞ്ഞു പൈലിയ്ക്ക് കൊടുത്തു. പൈലിയത് വാങ്ങി ഉടുത്തു.അവർ അടുത്ത് വീട്ടിൽ നിന്ന് കുറച്ച് പൌഡറൊക്കെ വാങ്ങി കുഞ്ഞൂപൈലിയെ പോസ്റ്റമ്മോർട്ടം കഴിഞ്ഞ് ബോഡിയ്ക്ക് മേയ്ക്കപ്പ് ഇടുന്നതു പോലെ വാരിപൊത്തി.
പോരാത്തത്തിന് ഒരു റോസാപൂവ്വ് ഇടത്തെ ചെവില് തിരുകി കൊടുത്തു.
“ഇതവൾക്ക് കൊടുക്കണം നീ
“ങാ”
എന്നാൽ പോക്കോ വേഗം.”
ജോണിക്കുട്ടി പറഞ്ഞു.
കുഞ്ഞു പൈലി പുതിയ മുണ്ടും ഷർട്ടൊക്കെ ഇട്ട് വേച്ച് വേച്ച് നടന്നു.
കുഞ്ഞൂ പൈലി പോയ പിന്നാലെ ജോണിക്കുട്ടിയും സംഘവും അനുഗമിച്ചു.
പൈലി ചെന്ന് കയറുമ്പോൾ നിക്കറുപോലീസ് പട്ട ചാരായവും നല്ല കപ്പേം മത്തികറിയും അകത്താക്കി കൊണ്ട് വരാന്തയിൽ തന്നെ ഉണ്ടായിരുന്നു.
“ങാ പൈലി നീ ആകെ സുന്ദരനായിട്ടുണ്ടല്ലോ?ങാ ഞാൻ മീൻ വാങ്ങി വരണേ നീ കണ്ടായിരുന്നല്ലേ? വാടാ, “ എടി മേരിക്കുട്ടിയെ ഒരുമ്പെട്ടോളെ ഇത്തിരി കപ്പെ മീനും ഇങ്ങ് എടുത്തേടി.“
കുഞ്ഞൂപൈലി വരാന്തയിൽ ഇരുന്നു അകത്തെയ്ക്ക് നോക്കി.
പാത്രത്തിൽ മീൻ കറിം കപ്പ പുഴുങ്ങിയതുകൊണ്ട് ആനിയമ്മയാ അന്നേരം ഉമ്മറത്തോട്ട് വന്നത്.
ആനിയമ്മെ കണ്ടതും കുഞ്ഞൂപൈലിടെ വായിൽ നിന്നും ഒരു വായ് തുപ്പല് ഉമ്മറത്തു വീണൂ.
“ഹോ അവിടെ മൊത്തം അഴുക്കാക്കിയോ.നിന്റെ വിശപ്പ് മാറുവോളം കഴിച്ചോ?
നിക്കറ് പോലീസ് പറഞ്ഞു.
ആനിയമ്മെ നോക്കി വെള്ളം ഊറികൊണ്ട് കുഞ്ഞൂപൈലി മുക്കു മുട്ടേ തിന്നു.
ആയ്യാള് കൊടുത്ത ചാരായവും കഴിച്ചു.
പിന്നെ ഒരു ഏമ്പക്കവും വിട്ടു.
“എടാ നിനക്ക് മതിയായോടാ പൈലിയെ ?” ഇനി വല്ലോ വേണോ?
എനിച്ച് സാരിന്റെ മോളെ വേണം.അവളുടെ കൂടെ കെട്ടിപിടിച്ചു കിടന്നുറങ്ങനം.വളെ എനിച്ചു കെട്ടിച്ചു തര്വൊ?”
“ഫ് നായിന്റെ മോനെ”നിക്കറു പോലീസ് മീങ്കറി വാരി പൈലിടെ മുഖത്ത് പൊത്തിട്ട് അവനെ നിലത്തിട്ട് ചവിട്ടി കൂട്ടി. മേരികുട്ടിയ്ക്ക് കൊടുക്കേണ്ട അറിമുഴുവനും പിന്നെ അതിൽ കൂടുതലും അന്ന് പൈലിയ്ക്കിട്ട് കിട്ടി.
അന്ന് അടിയും വാങ്ങി ചോരയും ഒലിപ്പിച്ച് പോയ പൈലിയെ പിന്നെ ആരും ആ ഗ്രാമത്തിൽ കണ്ടിട്ടില്ല.

3 comments:

ബഷീർ said...

പ്യാ‍ാവം പൈലി :)

ബഷീർ said...

ഓ.. ഇത് ആദ്യ കമന്റ്റായിരുന്നോ !.. എന്നാൽ കിടക്കട്ടെ ഒരു സമൈലി കൂട് :)

താരകൻ said...

ഒന്നാംന്തരം ക്യാരക്ടറുതന്നെ..